2019, മേയ് 18, ശനിയാഴ്‌ച

maayakkannadi

        വെളുത്തുരുണ്ട് മിനുസമുള്ള വെള്ളാരം കല്ലുകൾക്കിടയിലെ കോൺക്രീറ്റ് പാത പിന്നിട്ടു ഞാൻ നടന്നു കയറിയ പടികൾക്കു വിശ്വാസത്തിന്റെ കരുത്താണ് .പടികൾക്കപ്പുറത്തെ ചുവരുകൾക്കുള്ളിൽ  കാരുണ്യം നിറച്ച നിശ്ശബ്ദതയ്ക്ക്  റോസാപ്പൂവിന്റെ സുഗന്ധവും   . സ്വർണ നിറത്തിലെ ലില്ലിപ്പൂക്കളിൽ തീർത്ത പരവതാനിയിൽ കോറിയിട്ട വരകൾക്കു കന്യാമറിയത്തിന്റെ ഛായ ഉണ്ട്.  കുന്തിരിക്കവും ചന്ദനത്തിരിയും കത്തിച്ച അൾത്താരയിൽ ജോസഫ്ഉം ഉണ്ണിയേശുവും. ചുമന്ന തറയോടു തീർത്ത  തണുത്ത നിലത്തു മുട്ടമർത്തി  മുകളിലേക്ക് നോക്കി കൈകൂപ്പുമ്പോൾ കന്യാമറിയത്തോടുള്ള ചോദ്യം കണ്ണീരു പോലെ തെളിഞ്ഞതും നിഷ്കളങ്കവും ."നാളത്തെ കണക്കു പരീക്ഷ എഴുതാതിരിക്കാൻ എന്താണ് മാർഗം ....""?           

           പള്ളിമുറ്റത്തേക്കുള്ള യാത്രകൾ മിക്കവാറും ഉണ്ടാകാറുണ്ട്. എല്ലാ വർഷവും പെരുന്നാളിന്  തോരണം തൂക്കി. പരീക്ഷ ചൂടുള്ള തലേദിവസങ്ങൾ പുസ്തകക്കെട്ടുമായിച്ചെന്നു പള്ളി വരാന്തയിൽ ഇരുന്നു വഴിയേ പോയ മാണി അപ്പൂപ്പനുമായി  സൊറ പറഞ്ഞു. പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ അച്ഛനെത്തിയപ്പോൾ ചാപ്പലിലെ കൈവരിയുള്ള ബെഞ്ചുകൾക്കിടയിൽ മുഖമൊളിപ്പിച്ചു ഞാൻ.  ഗുൽമോഹർ പൂത്തപ്പോൾ വാരിയെടുത്ത പൂക്കളിൽ പ്രണയത്തിന്റെ ശോണിമ . അവനും ഞാനും പള്ളിമുറ്റത്ത് കൈകൾ ചേർത്തിരുന്ന് ആനന്ദിച്ചു ... ഒടുവിൽ കാറ്റത്തടർന്ന രണ്ടിലകൾ ദിക്ക് തെറ്റി  പറന്നു വീണതും ബൊഗെയിൻവില്ലകൾ പൂത്തു നിന്ന പാറക്കെട്ടിലിരുന്നു  ആർത്തലച്ചു കരഞ്ഞതും പള്ളിവഴിക്കരുകിൽ ആണ് .

         അൾത്താരയ്ക്കു മുകളിലെ താഴികക്കുടത്തിൽ  പറക്കുന്ന കുരുവിയും ഒഴുകുന്ന മേഘവും നീലാകാശവും  നോക്കി ചിരിച്ചു നിന്നു.  വസന്തവും ഗ്രീഷ്മവും, ശരത്തും ശിശിരവും വന്നുപോയി ..വര്ഷങ്ങളുടെ,  പടിക്കെട്ടുകൾ ഞാനിറങ്ങി .

       ഇന്നും  ഓഫീസ് മുറിയുടെ ജനാലയിൽ കൂടെ നോക്കിയാൽ നിറഞ്ഞ നീലാകാശവും, ഒഴുകുന്ന മേഘവും പറക്കുന്ന കുരുവിയും കാണാം.....അവരുടെ ചിരി ഇന്ന് സൂര്യനെപ്പോലെ ജ്വലിക്കുന്നില്ല. ഞാൻ കയറിയ പടികൾക്കിന്നു കാരിരുമ്പിന്റെ കരുത്തുമില്ല.  അതിനു  വിങ്ങലിന്റെയും വിഹ്വലതയുടേയും ഛായ മാത്രം ആണ്... മത ഭ്രാന്തും ,ജാതി ചിന്തയും ഭാണ്ഡം കെട്ടി തലയിലേറ്റി ഓടുന്ന മനുഷ്യനിന്നു തിരിച്ചറിവിന്റെ നേർക്ക് കണ്ണുകെട്ടുന്നു.തൊട്ടടുത്തിരിക്കുന്നവർ, ഒന്നിച്ചുറങ്ങിയവർ, ഒരുമിച്ചു ജീവിച്ചവർ അന്യോന്യം മതം പറയുന്നു. മനസുകൊണ്ട് നാമം  ജപിച്ചവർ മതം കൊണ്ട് പ്രാർഥിക്കാൻ തുടങ്ങി . വെളിച്ചം കാണിച്ചു തരേണ്ടവർ ഇരുട്ടിലേക്ക് നോക്കി കണ്ണടച്ചു .  എന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ  ഞാൻ കാത്തുവച്ച വിശുദ്ധ ലോകത്തിനങ്ങനെ മഞ്ഞപ്പു ബാധിച്ചു .  കരിപുരണ്ട വിശ്വാസത്തെ മാറ്റി പ്രതിഷ്ഠിക്കാൻ,  മനസ്സിനുള്ളിൽ  നന്മമരത്തണല് വിരിക്കാൻ നോഹയുടെ പേടകം വരാതിരിക്കില്ല ....
             

   




















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ